ബിഎംഡബ്ല്യു ആർട്ട് കാർ ഇന്ത്യയിൽ

Posted on: February 8, 2017

കൊച്ചി : ഇറ്റലിയിലെ പ്രശസ്ത കലാകാരൻ സാൻഡ്രോ ചിയ നിർമ്മിച്ച 13 ാമത് ആർട്ട് കാർ ബിഎംഡബ്ല്യു, ന്യൂഡൽഹിയിലെ ആർട്ട് ഫെയറിൽ അവതരിപ്പിച്ചു. 1992 ലാണ് ആർട്ട് കാർ സാൻഡ്രോ ചിയ രൂപകൽപന ചെയ്തത്. അതിന്റെ 25 വാർഷികം കൂടിയാണ് 2017.

കലയുടെ ഉത്തമ സൃഷ്ടികളായ ബിഎംഡബ്ല്യു ആർട്ട് കാറുകൾ റോളിംഗ് സ്‌കൾപ്‌ചേഴ്‌സ് എന്നാണ് അറിയപ്പെടുന്നത്. 1975 മുതൽ 18 പ്രമുഖ കലാകാരന്മാർ ആർട്ട് കാറുകളുടെ പണിപ്പുരയിലാണ്.
സാംസ്‌കാരികമായ ആശയവിനിമയം ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ പ്രതിബദ്ധതയാണെന്ന് ഗ്രൂപ്പ് ഇന്ത്യ ആക്ടിംഗ് പ്രസിഡന്റ് ഫ്രാങ്ക് ഷ്‌ളോഡർ പറഞ്ഞു.

അന്താരാഷ്ട്ര കലാകാരന്മാരെ ഇന്ത്യയിലേക്ക് കൊണ്ടുവരികയും ഇന്ത്യൻ കലാകാരന്മാർക്ക് ആഗോള വേദിയൊരുക്കുകയും ചെയ്യുന്ന സമകാലിക കലാ മേളയായ കൊച്ചി മുസ്‌രിസ് ബിനാലെയുമായി 2012 മുതൽ ബിഎംഡബ്ല്യു സഹകരിക്കുന്നുണ്ട്.

ഫ്രഞ്ച് കാർ ഡ്രൈവറും കലാകാരനുമായ ഹെർവ് പൗളിനും ബിഎംഡബ്ല്യു മോട്ടോർ സ്‌പോർട്ട് ഡയറക്ടർ ജോഷെൻ നീർപാഷും കലാകാരനായ അലക്‌സാണ്ടർ കാൽഡറിനോട് ഒരു വാഹനം രൂപകൽപ്പന ചെയ്യാൻ ആവശ്യപ്പെട്ടതാണ് ബിഎംഡബ്ല്യു ആർട്ട് കാർ ശേഖരത്തിന് തുടക്കമിട്ടത്. 1975 ൽ 24 ഹവേഴ്‌സ് ഓഫ് ലെ മാൻസ് റേസിൽ അവതരിപ്പിക്കപ്പെട്ട ബിഎംഡബ്ല്യു 3.0 സിഎസ്എൽ എന്ന കാറാണ് ആദ്യം രൂപംകൊണ്ടത്.

അതിനു ശേഷം 17 അന്താരാഷ്ട്ര കലാകാരൻമാർ ബിഎംഡബ്ല്യു മോഡലുകൾ ഡിസൈൻ ചെയ്തു. അലക്‌സാണ്ടർ കാൽഡർ (1975) ഫ്രാങ്ക് സ്റ്റെല്ല (1976), റോയ് ലിച്ച്‌ടെൻസ്റ്റിൻ (1977), ആൻഡി വറോൾ (1979), ഏണസ്റ്റ് ഫ്യൂച്ച്‌സ് (1982), റോബർട്ട് റോഷെൻബെർഗ് (1986), മൈക്കൽ ജഗമര നെൽസൺ (1989), കെൻ ഡോൺ (1990), മറ്റാസോ കയാമ (1990), സീസർ മാൻറിക് (1990), എ.ആർ. പെൻക് (1991), എസ്തർ മഹ്‌ലാംഗ് (1991), സാൻഡ്രോ ചിയ (1992), ഡേവിഡ് ഹോക്‌നി (1995), ജെനി ഹോൾസർ (1999),ഒലാഫർ എലിയാസൺ (2007), ജെഫ് കൂൺസ് (2010) എന്നിവരാണ് പ്രസ്തുത കലാകാരന്മാർ.

13-ാമത് ബിഎംഡബ്ല്യു ആർട്ട് കാറിൽ സാൻഡ്രോ ചിയയുടെ ദൃശ്യഭാഷ വാക്കുകൾക്കതീതമാണ്. ഗ്രാമീണ അർക്കാഡിയൻ പരിവേഷമാണ് അതിനുള്ളത്. ഒരു ചിത്രവും ഒരു ലോകവുമാണ് ഞാൻ സൃഷ്ടിച്ചത്. നോക്കുന്നതെല്ലാം ഒരു മുഖമായി മാറുന്നു. മുഖം ഒരു ശ്രദ്ധാ കേന്ദ്രമാണ്. ജീവിതത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധാ കേന്ദ്രം – സാൻഡ്രോ ചിയ പറഞ്ഞു.

TAGS: BMW | BMW Art Car |