പുതുവർഷത്തിൽ ഇരുചക്ര വിപണിയിൽ ഹോണ്ടയ്ക്ക് വിൽപ്പന വളർച്ച

Posted on: February 6, 2017

കൊച്ചി : ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയ്ക്ക് പുതുവർഷത്തിൽ മികച്ച തുടക്കം. നോട്ടു പിൻവലിക്കലിനെത്തുടർന്ന് തുടർച്ചയായ മൂന്നാമത്തെ മാസവും ഇരുചക്രവാഹനങ്ങളുടെ വിൽപനയിൽ ഇടിവുണ്ടായെങ്കിലും ഹോണ്ട മോട്ടോർ ജനുവരിയിൽ 3,68,145 യൂണിറ്റ് വിറ്റു. 2016 ജനുവരിയിലെ 3,61,721 യൂണിറ്റിനേക്കാൾ രണ്ടു ശതമാനം കൂടതലാണിത്. അതേസമയം ഡിസംബറിലെ വിൽപനയേക്കാൾ 79 ശതമാനം വർധനയാണ് കമ്പനി കൈവരിച്ചത്. ഇതോടെ കമ്പനിയുടെ ആഭ്യന്തര വിപണി വിഹിതം മൂന്നു ശതമാനം വർധനയോടെ 29.2 ശതമാനത്തിലെത്തിയതായി കമ്പനി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദവീന്ദർ സിംഗ് ഗുലേരിയ അറിയിച്ചു.

ഇരുചക്രവാഹന വ്യവസായത്തിൽ ജനുവരിയിലെ വിൽപ്പന ഇടിവ് ഏഴു ശതമാനമാണ്. കയറ്റുമതിയും ജനുവരിയിൽ മികച്ച വളർച്ചയാണു നേടിയത്. കയറ്റുമതി ഏപ്രിൽ- ജനുവരി കാലയളവിൽ 40 ശതമാനം വളർച്ചയോടെ 2.32 ലക്ഷം യൂണിറ്റിലെത്തി. മുൻവർഷമിതേ കാലയളവിലിത് 1.66 ലക്ഷം യൂണിറ്റായിരുന്നു. ഈ കാലയളവിൽ ഇരുചക്രവ്യവസായമേഖല 10 ശതമാനം ഇടിവാണ് കാണിച്ചത്.

കയറ്റുമതി ഉൾപ്പെടെ ഹോണ്ടയുടെ ജനുവരിയിലെ വിൽപ്പന 3,89,486 യൂണിറ്റാണ്. മുൻവർഷമിതേ കാലയളവിലിത് 3,78,689 യൂണിറ്റായിരുന്നു. വളർച്ച മൂന്നു ശതമാനം. കമ്പനി ജനുവരിയിൽ എട്ടു ബെസ്റ്റ് ഡീൽ ഔട്ട്‌ലെറ്റുകൾ തുറന്നു. ഇതോടെ രാജ്യത്തെ മൊത്തം ബെസ്റ്റ് ഡീൽ ഔട്ട്‌ലെറ്റുകളുടെ എണ്ണം 130 ആയി. നവി വാഹനത്തിന്റെ പുതിയ പതിപ്പുകളായ അഡ്വഞ്ചർ, ക്രോം എന്നിവയും ജനുവരിയിൽ കമ്പനി പുറത്തിറക്കിയിരുന്നു. പുതിയ ബിഎസ് നാല് സി ബി യുണികോൺ 160 പുതിയ ഗ്രാഫിക്‌സോടെ മാറ്റ് മാർവൽ നിറത്തിൽ പുറത്തിറക്കിയതും ജനുവരിയിലാണ്.

റോഡ് സുരക്ഷിതവാരത്തോടനുബന്ധിച്ച് 250 നഗരങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 24,000 പേരുമായി ഹോണ്ട റോഡ് സുരക്ഷിതത്വത്തെക്കുറിച്ച് ആശയവിനിമയം നടത്തി. കൂടാതെ ഹോണ്ട ദത്തെടുക്കുന്ന രാജ്യത്തെ പതിനൊന്നാമത്തെ ട്രാഫിക് പാർക്ക് കോയമ്പത്തൂരിൽ ഉദ്ഘാടനം ചെയ്തതും ജനുവരിയിലാണ്.