ഹോണ്ട 10 നഗരങ്ങളിൽ റോഡ് സൈൻ ഐക്യു സർവേ നടത്തി

Posted on: January 26, 2017

കൊച്ചി : ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ രാജ്യത്തെ പത്തു നഗരങ്ങളിൽ ഹോണ്ട റോഡ് സൈൻ ഐക്യു സർവേ നടത്തി. ഇരു ചക്രവാഹനം ഓടിക്കുന്നവരിൽ 78 ശതമാനത്തിനും റോഡ് ചിഹ്നങ്ങളിൽ പകുതിയും തിരിച്ചറിയാൻ പോലും കഴിയുന്നില്ലെന്ന് സർവെയിൽ കണ്ടെത്തി. സർവേയിൽ 1500 ഇരുചക്രവാഹന റൈഡർമാർ പങ്കെടുത്തു.

നഗരങ്ങളിൽ ഏറ്റവും കൂടുതൽ റോഡ് ചിഹ്ന സാക്ഷരതയുള്ളത് മൂംബൈയിലാണ്. 79 ശതമാനം. തൊട്ടു പിന്നിൽ പൂന (63 ശതമാനം), ബംഗളരൂ (41 ശതമാനം) എന്നീ നഗരങ്ങളാണ്. റോഡ് ചിഹ്ന സാക്ഷരതയിൽ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് മുന്നിൽ നിൽക്കുന്നത്. ദേശീയതലത്തിൽ 26 ശതമാനം സ്ത്രീകൾ അമ്പതു ശതമാനത്തിലധികം റോഡ് ചിഹ്നങ്ങൾ തിരിച്ചറിഞ്ഞപ്പോൾ പുരുഷന്മാരുടെ കാര്യത്തിലിത് 21 ശതമാനമാണ്. ദേശീയ റോഡ് സുരക്ഷാ വാരത്തിൽ ഹോണ്ട മോട്ടോർ സൈക്കിൾ 250 നഗരങ്ങളിലെ 24,000 ആളുകൾക്ക് റോഡ് സുരക്ഷാ അവബോധ ക്ലാസുകൾ നൽകി.

രാജ്യത്തെ 11 ട്രാഫിക് പാർക്കിലൂടെ ഹോണ്ട റോഡ് സുരക്ഷയെക്കുറിച്ച് 10 ലക്ഷം പേർക്ക് വിദ്യാഭ്യാസം നൽകാൻ സാധിച്ചതായി ഹോണ്ട മോട്ടോർ സൈക്കിൽ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദവീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു. ഇവരെ ഉത്തരവാദിത്വത്തോടെ റോഡ് ഉപയോഗിക്കുന്നവരായി മാറ്റുകയാണ് ഹോണ്ടയുടെ ലക്ഷ്യം. എല്ലാവർക്കും സുരക്ഷ എന്നതാണ് ഹോണ്ടയുടെ മുൻഗണനയെന്നും ഗുലേരിയ കൂട്ടിച്ചേർത്തു.