ഫോർഡ് ഇക്കോസ്‌പോർട്ട് പ്ലാറ്റിനം എഡിഷൻ

Posted on: January 20, 2017

കൊച്ചി : ഫോർഡ് ഇന്ത്യയുടെ കോംപാക്ട് എസ്‌യുവി ഫോർഡ് ഇക്കോസ്‌പോർട്ടിന്റെ പ്ലാറ്റിനം എഡിഷൻ വിപണിയിലെത്തി. പെട്രോൾ വേരിയന്റിന് 10.39 ലക്ഷം രൂപയാണ് (എക്‌സ് ഷോറൂം. ഡൽഹി) വില. ഡീസൽ എൻജിൻ വേരിയന്റിന് 10.69 ലക്ഷവും (എക്‌സ് ഷോറൂം. ഡൽഹി) ആണ് വില. ഫോർഡിന്റെ വിശ്വസ്തമായ 1.5 ലിറ്റർ ടിഡിസിഐ ഡീസൽ എൻജിനും ആഗോള ശ്രദ്ധ നേടിയ 1.01 ഇക്കോബൂസ്റ്റ് പെട്രോൾ എൻജിനുമാണ് പുതിയ പ്ലാറ്റിനം എഡിഷന്റെ രണ്ട് എൻജിൻ ഓപ്ഷനുകൾ.

ഗാംഭീര്യവും ആർജ്ജവവും പ്രകടമാകുന്ന ഡ്യുവൽ ടോൺ ഡിസൈനാണ് പുറംഭാഗത്ത് ഫോർഡ് ഇക്കോസ്‌പോർട്ട് പ്ലാറ്റിനം എഡിഷൻ അവതരിപ്പിക്കുന്നത്. ബ്ലാക്ക് റൂഫ്, വലിയ 17 ഇഞ്ച് വീലുകൾ, പുതിയ അലോയ് സഹിതമുള്ള വീതിയേറിയ ടയറുകൾ, പുതിയ റിയർ ആൻഡ് ഫ്രണ്ട് ഡിസൈൻ എന്നിവയാണ് പ്രത്യേകതകൾ.

ഇക്കോസ്‌പോർട്ടിന്റെ ഡ്രൈവിംഗ് കൂടുതൽ ആസ്വാദ്യകരമാക്കാൻ ക്രൂയിസ് കൺട്രോൾ കൂടി അവതരിപ്പിച്ചിട്ടുണ്ട്. ഡ്രൈവർ ക്രമീകരിക്കുന്ന നിശ്ചിത വേഗതയിൽ ആക്‌സിലേറ്റർ ഉപയോഗിക്കാതെ തന്നെ വാഹനം സ്വയം നീങ്ങുന്ന ഫീച്ചർ ദീർഘ യാത്രകളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സൗകര്യം നൽകുന്നു.

ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ വർധിപ്പിക്കാൻ ആറ് എയർ ബാഗുകൾ, സമാനതകളില്ലാത്ത 100 പിഎസ് (73.8 ) ഉയർന്ന കരുത്തും 1.5 ലിറ്ററ് ടിഡിസിഐ ഡീസൽ എൻജിൻ ലിറ്ററിന് 22.27 കിലോമീറ്റർ എന്ന മികച്ച ഇന്ധനക്ഷമതയും, ഫോർഡിന്റെ ലോകപ്രശസ്തമായ 1.01 ഇക്കോബൂസ്റ്റ് പെട്രോൾ എൻജിൻ 125 പിഎസ് കരുത്തും ഒരു ലിറ്ററിന് 18.88 കിലോമീറ്റർ മൈലേജും നൽകുന്നു.

സാറ്റലൈറ്റ് നാവിഗേഷനും റിയർ വ്യൂ ക്യാമറയും വീഡിയോ, മ്യൂസിക് പ്ലേബാക്ക് സൗകര്യങ്ങളുമുള്ള ഏറ്റവും പുതിയ 8 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം എന്നിവയാണ് മറ്റൊരു പ്രത്യേകത. എല്ലാ കോംപാക്ട് എസ്‌യുവി പ്രേമികളെയും വിസ്മയിപ്പിക്കുന്ന ഉത്പന്നവുമായാണ് തങ്ങൾ എത്തിയിരിക്കുന്നതെന്ന് ഫോർഡ് ഇന്ത്യ മാർക്കറ്റിംഗ്, സെയിൽസ് ആൻഡ് സർവീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനുരാഗ് മെഹ്‌റോത്ര പറഞ്ഞു.