മഹീന്ദ്ര ഇലക്ട്രിക്കിന്റ സിറ്റി സ്മാർട്ട് കാർ ഇടുഓ പ്ലസ് കേരള വിപണിയിൽ

Posted on: January 16, 2017

കൊച്ചി : മഹീന്ദ്ര ഇലക്ട്രികിന്റെ സിറ്റി സ്മാർട്ട് കാർ ഇടുഓ പ്ലസ് കേരള വിപണിയിൽ അവതരിപ്പിച്ചു. നഗര ഗതാഗതത്തിന് അനുയോജ്യമായ രൂപകല്പനയാണ് ഇലക്ട്രിക് കാറായ ഇടുഓ പ്ലസിനെ വ്യത്യസ്തമാക്കുന്നത്. മഹീന്ദ്ര ഇലക്ടികിന്റെ തന്നെ ഏറ്റവും നവീനമായ ഇലക്ട്രിക് ഡ്രൈവ് ട്രെയിൻ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്. കൊച്ചിയിലെ ഷോറൂം വില 6.96 ലക്ഷം രൂപ.

ഒരു തവണ ചാർജ് ചെയ്താൽ 140 കിലോമീറ്റർ വരെ ഓടാനാകും. 85 കിലോമീറ്റർ വരെ പരമാവധി വേഗമാർജിക്കുകയും ചെയ്യാം. നാല് പേർക്ക് സുഖസവാരി ചെയ്യാവുന്നവിധമാണ് രൂപകല്പന. ഇന്റീരിയറും അതിന് അനുസരിച്ച് വിശാലമാക്കിയിട്ടുണ്ട്. കിലോമീറ്ററിന് 70 പൈസ മാത്രമേ ചെലവാകുവെന്നാണ് സവിശേഷത.

ഉപയോക്താക്കളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് സാങ്കേതിക മികവ് പുലർത്തിയും പരിപാലന ചെലവ് നന്നായികുറച്ചുമാണ് ഇടുഓ പ്ലസ് രൂപകല്പന ചെയ്ത് വിപണിയിലെത്തിക്കുന്നതെന്ന് കമ്പനി സിഇഓ മഹേഷ് ബാബു പറഞ്ഞു. 16 ആമ്പിയർ പ്ലഗ് പോയിന്റിൽ വീട്ടിൽ തന്നെ ചാർജ് ചെയ്യാനുള്ള സൗകര്യവും താങ്ങാവുന്ന വിലയും കാറിനെ കൂടുതൽ സ്വീകാര്യമാക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓരോ തവണ ബ്രേക്ക് ഉപയോഗിക്കുമ്പോഴും ബാറ്ററി ചാർജാവുന്ന റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനം രാജ്യത്ത് ആദ്യമായി ഇടുഓ പ്ലസിൽ ഉപയോഗിച്ചിട്ടുണ്ട്.

ചാർജ് കുറഞ്ഞുതുടങ്ങിയാൽ അഞ്ച് മുതൽ പത്ത് കിലോമീറ്റർ കൂടി ബാറ്ററിക്ക് ആയുസ് ലഭിക്കുന്ന റിവൈവ് സംവിധാനമാണ് മറ്റൊരു പ്രത്യേകത. ഏറ്റവും കുറഞ്ഞ ടേണിംഗ് റേഡിയസും (4.35 മീറ്റർ) പവർ സ്റ്റീയറിംഗുമാണ് നഗര ഗതാഗതത്തിന് വാഹനത്തെ അനുയോജ്യമാക്കുന്നത്. കയറ്റം കയറുമ്പോൾ പിന്നിലേക്ക് തെന്നിയിറങ്ങാതിരിക്കാനുള്ള ഹിൽ അസിസ്റ്റ് സംവിധാനം, റിവേഴ്‌സ് കാമറ, കാർ ലോക് /അൺലോക് നിയന്ത്രണങ്ങൾക്ക് അടക്കം സഹായിക്കുന്ന മൊബൈൽ ആപ് കണക്ടിവിറ്റി തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

മലിനീകരണമില്ലാത്ത വാഹനമെന്നനിലയിൽ നികുതി ഇളവുകളും ഇടുഓ പ്ലസിന് ലഭിക്കും. പി 2, പി 4, പി 6, പി 8 എന്നിങ്ങനെ നാല് വേർഷനുകളും കോറൽ ബ്ലൂ, സ്പാർക്ലിങ് വൈൻ, ആർക്ടിക് സിൽവർ, സോളിഡ് വൈറ്റ് എന്നീ നാല് നിറങ്ങളും ഇടുഓ പ്ലസിനുണ്ട്.