ഹോണ്ട മോട്ടോർസൈക്കിൾ നവംബറിൽ 3,25,448 യൂണിറ്റുകൾ വിറ്റു

Posted on: December 2, 2016

honda-2-wheeler-dealership

കൊച്ചി : നോട്ട് പിൻവലിക്കലിന്റെ ആഘാതത്തെ അതിജീവിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ നവംബറിൽ 3,25,448 ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ചു. മുൻവർഷം നവംബറിലെ വിൽപ്പന 3,26,466 യൂണിറ്റായിരുന്നു. ഇരുചക്രവാഹന വ്യവസായത്തിലെ ഇടിവ് അഞ്ചു ശതമാനത്തോളമാണ്. ഹോണ്ട മോട്ടോറിന്റെ നവംബറിലെ വിപണി വിഹിതം ഒരു ശതമാനം വളർച്ചയോടെ 23 ശതമാനത്തിലെത്തിക്കുവാനും കമ്പനിക്കു കഴിഞ്ഞു.

കമ്പനിയുടെ കയറ്റുമതിയിൽ 81 ശതമാനം വർധനയുണ്ടായിട്ടുണ്ട്. കമ്പനിയുടെ കയറ്റുമതി മുൻവർഷമിതേ കാലയളവിലെ 14,391 യൂണിറ്റിൽനിന്നു 26,053 യൂണിറ്റായി ഉയർന്നു. നോട്ട് പിൻവലിച്ചതിന്റെ ആദ്യ 3-4 ദിനങ്ങളിൽ വിൽപന പകുതിയിലും താഴെയായിരുന്നു. അതിൽ നിന്നു മെച്ചപ്പെട്ടാണ് കമ്പനി ഈ നേട്ടം കൈവരിച്ചിട്ടുള്ളതെന്ന് കമ്പനിയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് വൈ എസ് ഗുലേരിയെ പറഞ്ഞു.

ഏപ്രിൽ-നവംബർ കാലയളവിൽ ഹോണ്ടയുടെ മൊത്തം വിൽപ്പന 19 ശതമാനം വർധനയോടെ 36,27,991 യൂണിറ്റായി ഉയർന്നു. മുൻവർഷമിത് 30,47,431 യൂണിറ്റായിരുന്നു. വിപണി ശരാശരിയായ 10 ശതമാനത്തിന്റെ ഇരട്ടിയോളമാണ് കമ്പനിയുടെ വിൽപ്പന വളർച്ച. മാത്രവുമല്ല കമ്പനിയുടെ വിപണി വിഹിതം രണ്ടു ശതമാനം വർധനയോടെ 26 ശതമാനത്തിലേക്ക് ഉയർന്നു.