മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ്പ് വാഹന റാലി സമാപിച്ചു

Posted on: September 28, 2016

mahndra-vagamon-rally-winne

വാഗമൺ : മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ്പ് സാഹസിക വാഹനറാലി വാഗമണിൽ സമാപിച്ചു. വാഗമൺ, കൊച്ചി, കോട്ടയം പ്രദേശങ്ങളിൽ നിന്നുള്ള അമ്പതിലധികം ഫോർവീൽ ഡ്രൈവ് വാഹനങ്ങളാണ് സാഹസിക റാലിയിൽ പങ്കെടുത്തത്. മഹീന്ദ്രയുടെ കരുത്ത് വിളിച്ചറിയിക്കുന്ന ബൊലേറോ, സ്‌കോർപ്പിയോ, ലെജൻഡ്, പൂർണമായും ഓഫ് റോഡറായ മഹീന്ദ്ര താർ സി ആർ ഡി ഇ ഫോർ ത ഫോർ തുടങ്ങിയ വാഹനങ്ങളാണ് റാലിയിൽ അണിനിരന്നത്. ആറാം സീസണിലെ മൂന്നാം റാലിയായിരുന്നു ഇത്. വാഗമണിലെ വിന്റർ വെയ്ൽ റിസോർട്ടിൽ നിന്നായിരുന്നു റാലിക്ക് തുടക്കം.

തേയിലത്തോട്ടങ്ങളും കാട്ടരുവികളും നിറഞ്ഞ വാഗമണിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാനാവും വിധമായിരുന്നു റാലി റൂട്ടിന്റെ ക്രമീകരണം. തുടക്കം മുതൽ അവസാനം വരെ സാഹസികത നിറഞ്ഞ ഓഫ് റോഡ് ഡ്രൈവിംഗ് റാലിക്കമ്പക്കാരെയും ആരാധകരെയും ഒരുപോലെ ത്രസിപ്പിച്ചു. പുഴയോരങ്ങളും പാറക്കെട്ടും മൺതിട്ടകളും അടക്കമുള്ള തടസങ്ങൾ അനായാസം താണ്ടാനുള്ള മത്സരാർഥികളുടെ കഴിവ് റാലിയിൽ പ്രകടമായി.

മോഡിഫൈഡ് വിഭാഗത്തിൽ ബിനു ജോസ്, ഉഷാനന്ദൻ, സ്റ്റോക്ക് വിഭാഗത്തിൽ റോയ് ജോർജ്, മനോജ് അമ്പാട്ട്, വനിതകളിൽ വാണി പർമാറും ജേതാക്കളായി. ഇക്കുറി വാഗമൺ ഗ്രേറ്റ് എസ്‌കേപ്പിലെ വിജയികൾക്ക് ലോണാവാലാ, ഗോവ, സക്‌ലേഷ്പുർ ഗ്രേറ്റ് എസ്‌കേപ്പുകളിലെയും വരാനിരിക്കുന്ന ഹൈദരാബാദ്, ഗുർഗോൺ, ജയ്പുർ, ചെന്നൈ, ചണ്ഡിഗഡ്, ഷില്ലോംഗ് റാലികളിലെയും വിജയികളുമായി ഫൈനലിൽ മാറ്റുരക്കാനുള്ള അവസരം ലഭിക്കും.

2017 ജനുവരിയിൽ ഇഗത് പുരിയിലെ മഹീന്ദ്ര അഡ്വഞ്ചർ ഓഫ് റോഡ് ട്രെയിനിംഗ് അക്കാദമിയിലാണ് മഹീന്ദ്ര ഓഫ് റോഡിംഗ് ട്രോഫി ഫൈനൽ നടക്കുന്നത്. വാൽവോലൈൻ ആയിരുന്നു റാലിയുടെ ഔദ്യോഗിക ലൂബ്രിക്കന്റ് പങ്കാളി.