വോൾവോ എസ് 90 പുറത്തിറക്കി

Posted on: December 3, 2015

Volvo-S-90-Big

കൊച്ചി : വോൾവോ എസ് 90 പ്രീമിയം സെഡാൻ ആഗോള വിപണിയിൽ അവതരിപ്പിച്ചു. അടുത്ത വർഷം നാലാം ക്വാർട്ടറിൽ ഇന്ത്യയിലും ലഭ്യമാക്കും. പൈലറ്റ് അസിസ്റ്റ് എന്ന പേരിലുള്ള വോൾവോയുടെ പുതിയ സാങ്കേതികതയുടെ മികവിൽ എസ് 90 ക്ക് പരമാവധി 130 കിലോ മീറ്റർ വേഗതയിൽ മുന്നോട്ടുകുതിക്കും. കരുത്തുറ്റ ടി8 എൻജിൻ പ്ലഗ്-ഇൻ ഹൈബ്രിഡ് പവർ ട്രെയിനാണ് എസ് 90-ന്റേത്. ഉൾഭാഗത്ത് ആഢംബര സൗകര്യമാണ്. വൻ തുക മുടക്കി ഈയിടെ രൂപകൽപന ചെയ്യപ്പെട്ട ചേസിസ് സ്റ്റിമുലേറ്ററാണ് വേറൊരു മേൻമ.

എസ് 90 യുടെ വരവിൽ വോൾവോ ഓട്ടോ ഇന്ത്യക്ക് അതിയായ ആഹ്ലാദമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ ടോം വോൺ ബോൺസ്‌ഡോർഫ് പറഞ്ഞു. ഇന്ത്യയിൽ അവതരിപ്പിക്കുന്ന വേളയിൽ എസ് 90-യുടെ വില പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മാറ്റത്തിന് മടിച്ചു നിൽക്കുന്ന സെഡാൻ വിഭാഗത്തിൽ ചില പുതുമകൾ കൂട്ടിച്ചേർക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് വോൾവോ കാർ ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് (ഡിസൈൻ) തോമസ് ഇങ്കൻലാത്ത് പറഞ്ഞു. തലയെടുപ്പുള്ള പുറം ഭാഗം രൂപകൽപനയുടെ സവിശേഷതയാണ്. ഉയർന്ന നിലവാരത്തിലുള്ള ഡ്രൈവിങ് അനുഭവം, മികവാർന്ന പ്രകടനം എന്നിവയെ പുതിയ തലത്തിലെക്കുയർത്താൻ എസ് 90-യിലൂടെ വോൾവോയ്ക്ക് കഴിഞ്ഞതായി സീനിയർ വൈസ് പ്രസിഡന്റ് (റിസർച്ച് ആൻഡ് ഡവലപ്‌മെന്റ്) ഡോ. പീറ്റർ മെർടൻസ് അഭിപ്രായപ്പെട്ടു.